കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിലീപിന് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് കോടതി ഉപാധികളോട ജാമ്യം അനുവദിച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ.

അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി നടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വീഡിയോ പകര്‍ത്തിയതായുമാണ് കേസ്. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി എത്തിയതിനു പിന്നാലെയാണ് സംഭവം പുറംലോകറിഞ്ഞത്.

ഫെബ്രുവരി 17:നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ മാര്‍ട്ടിനെ പോലീസ് അറസ്റ്റ്‌ചെയ്തു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു

ഫെബ്രുവരി 19: കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് പിടിയിലാത്.

ഫെബ്രുവരി 20: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുള്ള തമ്മനം സ്വദേശി മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 23: തട്ടിക്കൊണ്ടു പോകല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 24: തട്ടിക്കൊണ്ടു പോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍ സുനിയുടെ മൊഴി.പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 25:  പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞു

ജൂണ്‍ 24: കേസില്‍ ദിലീപിന്റെ പങ്കു വ്യക്തമാവുന്ന നിര്‍ണായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപിന്റെ ആരോപണം.

ജൂണ്‍ 28: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റേയും സംവിധായകന്‍ നാദിര്‍ഷായുടേയും മൊഴിയെടുത്തു. 13 മണിക്കൂറോളമാണ് കേസ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്.

 

ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്.

ജൂലായ് 11: അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കി

ജൂലായ് 12: ദിലീപിന്റെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.

ജൂലായ് 15: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളി

ജൂലായ് 24: ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

ജൂലായ് 25: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ജാമ്യാപേക്ഷകള്‍ തള്ളിയതോടെ അഡ്വ. രാം കുമാറിന് പകരം ക്രമിനല്‍ അഭിഭാഷകന്‍ രാമന്‍പിള്ള രംഗത്ത്   

ജൂലായ് 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി

ഓഗസ്റ്റ് 10: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ഓഗസ്റ്റ് 29: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സെപ്റ്റംബര്‍ 3: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു

സെപ്റ്റംബര്‍ 3: സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവര്‍ സുരേഷ് കൃഷ്ണ എന്നിവര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 4: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ, ബെന്നി പി നായരമ്പലം, ആന്റണി പെരുമ്പാവൂര്‍, നടന്‍ ജയറാം എന്നിവര്‍ തൊട്ടടുത്ത ദിവസം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 5: ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി.

സെപ്റ്റംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബവീട്ടിലെത്തി. ഒന്നര മണിക്കൂര്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചശേഷം ദിലീപ് ജയിലിലേക്ക് മടങ്ങി.

സെപ്റ്റംബര്‍ 14: ജാമ്യം തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു.

സെപ്റ്റംബര്‍ 18: അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.