തിരൂര്‍: മലപ്പുറം തിരൂരില്‍ മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ ലോറി തട്ടി മരിച്ചു. തിരൂര്‍ മൂത്തൂര്‍ സ്വദേശിനിയും യുഡിഎഫ് തിരൂര്‍ മണ്ഡലം ചെയര്‍മാനും പ്രസിഡന്റ് സി.വി. വേലായുധന്റെ ഭാര്യയുമായ കുഞ്ഞമ്മ (68) ആണ് മരിച്ചത്. മകനും തിരൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറുമായ സി.വി. വിമല്‍ കുമാറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞമ്മയെ ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. തിരൂര്‍-ചമ്രവട്ടം റോഡില്‍ താഴെപ്പാലം ഐസ് ഫാക്ടറിക്ക് സമീപം രാത്രി ഒമ്പതോടെയാണ് സംഭവം. ബൈക്കില്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് റോഡില്‍വീണ കുഞ്ഞമ്മ അതേ ലോറിയ്ക്കടിയില്‍ പെടുകയായിരുന്നു.