അമൃത്സര്‍: ഹിന്ദുസംഘടനാ നേതാവിനെ വെടിവെച്ച് കൊന്നത് താനാണെന്ന് വെളിപ്പെടുത്തി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പഞ്ചാബിലെ അമൃത്സറില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട 'ഹിന്ദു സംഘര്‍ഷ് സേന' നേതാവ് വിപന്‍ ശര്‍മ്മയുടെ കൊലപാതകി താനാണെന്നാണ് സരജ് സിങ് മിന്റു എന്നയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 30ന് അമൃത്സര്‍ ബതാല റോഡില്‍ വച്ച് വിപന്‍ ശര്‍മ്മയെ വെടിവെച്ചുകൊന്നത് താനാണ് ,അയാളുടെ കൊലപാതകത്തിന് ഏതെങ്കിലും മതവുമായി യാതൊരു ബന്ധവുമില്ല എന്നാണ് മിന്റു ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. സംഘടനയുടെ ജില്ലാ നേതാവായിരുന്ന വിപന്‍ ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മിന്റുവിനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. പൊതുനിരത്തില്‍ വച്ച് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് വിപന്‍ വെടിയേറ്റ് മരിച്ചത്.

തന്റെ സുഹൃത്തിന്റെ പിതാവിനെ കൊന്നതിനുള്ള പ്രതികാരമായാണ് വിപന്റെ ജീവനെടുത്തതെന്ന് മിന്റു പറയുന്നു. കേസുമായി ബന്ധപ്പെട്ട് ശുഭാം സിങ്ങ്, ധര്‍മ്മീന്ദര്‍ സിങ്ങ് എന്നിവരെയും പോലീസ് തെരയുന്നുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിന്റു തന്നെയാണോ ആ അക്കൗണ്ട് ഉപയോഗിക്കുന്നത് അതോ മറ്റാരെങ്കിലും അത് ദുരുപയോഗം ചെയ്യുകയാണോ എന്ന ആശങ്കയിലാണ് പോലീസ്.വിപന്റെ മരണത്തിന് തൊട്ട്പിന്നാലെ അക്രമികള്‍ക്ക് അഭയം നല്കിയതിന് മിന്റുവിന്റെ അമ്മ സുഖ്രാജ് കൗറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജീവന് ഭീഷണിയുണ്ടെന്ന് വിപന്‍ ശര്‍മ്മ ഭയന്നിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് ശേഷം ആരൊക്കെയോ തന്റെ പിന്നാലെയുണ്ടെന്ന് വിപന്‍ ഭയന്നിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വിപന്‍ നേരിട്ട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.