ന്യൂഡല്‍ഹി: പാകിസ്താനോടുള്ള എന്‍.ഡി.എ. സര്‍ക്കാറിന്റെ നയത്തെ വിമര്‍ശിച്ച് ബി.ജെ.പി. മുതിര്‍ന്ന അംഗം യശ്വന്ത് സിന്‍ഹ. പഠാന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദിഷ്ട ഇന്ത്യ - പാക് ചര്‍ച്ച ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംമുതല്‍ താന്‍ എതിരാണ്.
 
ചര്‍ച്ചയും തീവ്രവാദവും ഒരേ സമയം മുന്നോട്ട് കൊണ്ടുപോകാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ നയം മാറ്റിയിരിക്കുകയാണ്. യു.പി.എ. സര്‍ക്കാറിന്റെ അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.  ഇത് ബി.ജെ.പി.യുടെ നയമല്ല. ഒരു തരത്തിലുള്ള ചര്‍ച്ചയെയും അനുകൂലിക്കുന്നില്ല. തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് 2004 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണെന്നും മുന്‍ വിദേശകാര്യമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു.