മൊഹാലി : യുവാവിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മറവ് ചെയ്യുന്നതിനിടെ ഭാര്യയും സഹോദരനും അറസ്റ്റില്‍. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.

എകം സിങ് ദില്ല്യണ്‍ (40) എന്ന ബിസിനസ്സുകാരനെ വെടിവെച്ചു കൊന്ന്, മൃതദേഹം ബി എം ഡെബ്ല്യൂ കാറിനകത്ത് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ ഞായറാഴ്ച്ചയാണ് പോലീസ് കണ്ടെടുക്കുന്നത്. സംഭവത്തില്‍ ദില്ല്യണിന്റെ ഭാര്യ സീറത്ത് കോര്‍, സഹോദരന്‍ വിനയ് പ്രതാപ്, അമ്മ ജസ്വീന്ദര്‍ കോര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സീറത്തിനെ കുറ്റകൃത്യത്തില്‍ സഹായിച്ചതിനാണ് സഹോദരനെയും അമ്മയെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.

muder spotസ്യൂട്ട് കേസിലാക്കിയ മൃതദേഹം കനാലില്‍ തള്ളാനായിരുന്നു ഇവരുടെ പദ്ധതി ഇതിനായി സ്യൂട്ട് കേസ് ഇവരുടെ ബി എം ഡെബ്ല്യൂ കാറില്‍ കയറ്റാന്‍ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടി. കയ്യില്‍ രക്തം പുരണ്ടപ്പോള്‍ സംശയം തോന്നിയ ഓട്ടോക്കാരന്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മക്കളെ ഫ്‌ളാറ്റില്‍ തനിച്ചാക്കി സീറത്തും കുടുംബവും കടന്നു കളഞ്ഞിരുന്നു.

വിവാഹ ബന്ധത്തിലെ വിളളലുകളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സീറത്തിന്റെ മൊഴി. 12 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് 10 വയസ്സുള്ള മകനും 6 വയസ്സുകാരി മകളുമുണ്ട്. അച്ഛന്റെ വീട്ടുകാരുടെ സംരക്ഷണയിലാണ് കുട്ടികള്‍ രണ്ട് പേരും.