ചെന്നൈ: നാല് വര്‍ഷം തടവ് ശിക്ഷയും പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്കും വാങ്ങി ശശികല ജയിലിലേക്ക് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയില്‍ പനീര്‍ശെല്‍വത്തിന് മുന്‍പിലെ വലിയൊരു വെല്ലുവിളിയാണ് വഴിമാറുന്നത്. എന്നാല്‍ ശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് പോകുന്ന ശശികല അവസാനഘട്ടത്തില്‍ ചില ശ്രമങ്ങള്‍ കൂടി നടത്തിയേക്കും. 

ഈ മാസം തന്നെ തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ ഗവര്‍ണര്‍ ഒപിഎസിനെ ക്ഷണിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പത്തോളം എംഎല്‍എമാരും അത്ര തന്നെ എംപിമാരും മുതിര്‍ന്ന നേതാക്കളും ഒപിഎസിനൊപ്പമുണ്ടെങ്കിലും പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും നേതാക്കളും ശശികല ക്യാമ്പില്‍ തന്നെയാണുള്ളത്.

പക്ഷേ ശശികലയെ പരസ്യമായി വെല്ലുവിളിച്ച് ഒ.പനീര്‍സെല്‍വം രംഗത്തു വന്ന ശേഷം ശശികല ക്യാമ്പില്‍ കാര്യമായ ഇളക്കം തട്ടിയിട്ടുണ്ട് എന്നാണ് വാസ്തവം. നേതാക്കളും എംഎല്‍എമാരും എംപിമാരും അങ്ങനെ പാര്‍ട്ടിയിലെ പ്രമുഖര്‍ പലരും ഒറ്റയ്ക്കും കൂട്ടമായും ഈ ദിവസങ്ങളില്‍ പനീര്‍സെല്‍വത്തെ തേടിയെത്തി.

നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ശശികല കാരാഗൃഹത്തിലേക്ക് പോവുന്നതോടെ ആ ഒഴുക്ക് ഇനി കൂടുതല്‍ ശക്തമാവാനാണ് സാധ്യത. സുപ്രീംകോടതി വിധിയോടെ രാഷ്ട്രീയഭാവി തന്നെ ഇരുട്ടിലായ ശശികലയ്‌ക്കൊപ്പം എത്ര നേതാക്കള്‍ തുടരും എന്ന ചോദ്യം വളരെ പ്രസക്തമാണ്. 

ചൊവ്വാഴ്ച്ച സുപ്രീംകോടതി വിധി വരുന്നതിന് മണിക്കൂറുകള്‍ മുന്‍പേ രണ്ട് എംഎല്‍എമാര്‍  കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന വാര്‍ത്ത ശശികലയ്‌ക്കൊപ്പമുളള എംഎല്‍എമാരുടെ നിലവിലെ അവസ്ഥയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. 

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ  ഒപിഎസിന് അധികാരത്തില്‍ തുടരുവാന്‍ സാധിക്കൂ. മനസാക്ഷി വോട്ടെടുപ്പ് എന്നൊരു സാധ്യത ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ പ്രയോഗിച്ചേക്കും എന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍. തമിഴ്‌നാട്ടില്‍ വികെ ശശികലയോ അവരുടെ ബിനാമിയോ അധികാരത്തില്‍ വരുന്നതിനോട് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് താത്പര്യമില്ല. 

സങ്കീര്‍ണമായ നിലവിലെ രാഷ്ട്രീയസ്ഥിതിയില്‍  മനസാക്ഷി വോട്ടെടുപ്പാണ് ഗവര്‍ണര്‍ക്ക് മുന്നിലെ പ്രധാന സാധ്യത. മനസാക്ഷി വോട്ടെടുപ്പ് നടത്തുന്നതില്‍ സുപ്രീംകോടതി ചില മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എംഎല്‍എമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന പരിഗണിക്കുമ്പോള്‍ മനസാക്ഷി വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. 

എംഎല്‍എമാരെ റിസോര്‍ട്ടില്‍ തടവില്‍ ഇട്ടിരിക്കുകയാണെന്നും, അവരെ ഭീഷണിപ്പെടുത്തി ശശികല പിന്തുണ നേടിയിരിക്കുകയാണെന്നും പനീര്‍സെല്‍വം ഗവര്‍ണറെ കണ്ട് പരാതിപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പോലും എംഎല്‍എമാരെ കാണുവാനോ സംസാരിക്കുവാനോ സാധിക്കുന്നില്ലെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തു വന്നു. ഇത്തരമൊരു സാഹ്യചര്യത്തില്‍ സത്യസന്ധമായ രീതിയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മനസാക്ഷി വോട്ടെടുപ്പ് എന്ന സാധ്യത ഗവര്‍ണര്‍ക്ക് പ്രയോഗിക്കാം. 

നിയമസഭയില്‍ വോട്ടെടുപ്പ് വന്നാല്‍ മുഖ്യപ്രതിപക്ഷമായ ഡിഎംകെ ഒപിഎസിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ പ്രതികരണം ഈ സാധ്യതയെ സജീവമാക്കുന്നു. ഡിഎംകെ പിന്തുണയ്ക്കാതിരിക്കുകയും ആവശ്യമായ ഭൂരിപക്ഷം നേടുവാന്‍ ഒപിഎസിനോ ശശികല നിര്‍ദേശിക്കുന്ന നേതാവിനോ സാധിക്കാതെ വരികയും ചെയ്താല്‍ ഒരു പക്ഷേ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോവുകയും ചെയ്‌തേക്കാം. 

അടുത്ത തിരഞ്ഞെടുപ്പിന് നാല് വര്‍ഷം ബാക്കി നില്‍ക്കവേ തത്കാലം ഒപിഎസ് തുടരട്ടെ എന്നാണ് ബിജെപിയും തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയും ആഗ്രഹിക്കുന്നത്. തുടക്കത്തില്‍ ശശികലയോട് താത്പര്യം പ്രകടിപ്പിച്ച കോണ്‍ഗ്രസും ജനവികാരം തിരിച്ചറിഞ്ഞ് അവരോട് അകല്‍ച്ച പാലിക്കുകയാണിപ്പോള്‍.

എഐഎഡിഎംകെ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് അധികാരം നേടുവാന്‍ ഡിഎംകെ ശ്രമിക്കാന്‍ സാധ്യത വളരെ കുറവാണ്. എഐഎഡിഎംകെയില്‍ അഭ്യന്തരസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അല്‍പകാലം കൂടി കാത്തിരുന്ന് ഒരു തിരഞ്ഞെടുപ്പിനെ നേരിടാനാവും അവര്‍ ആഗ്രഹിക്കുക. 

ശശികല ക്യാമ്പിലെ പ്രമുഖ നേതാക്കളായ സെങ്കോട്ടയ്യനോ പളനിസ്വാമിയോ മുഖ്യമന്ത്രിയാക്കി ഒരു പിന്‍സീറ്റ് ഡ്രൈവ് നടത്തുന്ന കാര്യം ഈ കഴിഞ്ഞ ദിവസങ്ങളില്‍ ശശികല ക്യാമ്പ് കാര്യമായി പരിഗണിച്ചിരുന്നു.  ശശികലയുടെ ബന്ധുവായ ദിവാകരനെ നേതാവാക്കുന്ന കാര്യവും അവര്‍ ഗൗരവമായി പരിഗണിച്ചു. 

നിയമസഭയില്‍ വോട്ടെടുപ്പ് നടക്കുന്ന പക്ഷം ഈ മൂവരില്‍ ആരെങ്കിലും ഒരാളെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാവും ശശികല ക്യാമ്പിന്റെ ഇനിയുള്ള ശ്രമം. എന്നാല്‍ കൂടെയുള്ളവരില്‍ എത്രപേര്‍ അതു വരെ ശശികലയ്‌ക്കൊപ്പം തുടരും എന്നതാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം.