ഹൈദരാബാദ്: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്കുകാരനായ ഗോപാലകൃഷ്ണ റോണങ്കി സമര്‍പ്പിച്ച വൈദ്യപരിശോധനാ രേഖ വ്യാജമെന്ന ആരോപണം. പരാതിയെത്തുടര്‍ന്ന് ഹൈദരാബാദ് ഹൈക്കോടതി റോണങ്കിക്ക് നോട്ടീസ് അയച്ചു.

അഡ്വ എം മുരളീ കൃഷ്ണ സമർപ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. മൂന്ന് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് രമേശ് രംഗനാഥന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് യുപിഎസ് സിക്കും ആന്ധ്ര സര്‍ക്കാരിനും കത്തയച്ചു.

യുപിഎസ് സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വികലാംഗനാണെന്ന് കാണിച്ചാണ് വൈദ്യ പരിശോധന രേഖകള്‍ റോണങ്കി സമര്‍പ്പിച്ചത്. 45% വികലാംഗനാണെന്ന് കാണിച്ചു കൊണ്ട് റോണങ്കി സമര്‍പ്പിച്ച രേഖ വ്യാജമാണെന്നാണ് മുരളീകൃഷ്ണന്‍ ആരോപിക്കുന്നത്.

ഒബിസി വിദ്യാര്‍ഥികളുടെ കട്ട് ഓഫ് മാര്‍ക്ക് 110.66 ആണെന്നിരിക്കെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 75.34 ആണ് കട്ട് ഓഫ് മാര്‍ക്ക്. 91.34 മാര്‍ക്ക് നേടിയ റോണങ്കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനനുസരിച്ചാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. 

എന്നാല്‍ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റ് നേടാൻ പര്യാപ്തമായ പ്രശ്നങ്ങളൊന്നും റോണങ്കിക്ക് ഇല്ലെന്നുമാണ് അഡ്വ മുരളീകൃഷ്ണന്‍ പറയുന്നത്.

എന്നാല്‍ 2002ല്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മരത്തില്‍ നിന്ന് വീണാണ് തന്റെ വലതു കയ്യിന് സ്വാധീനം നഷ്ടപ്പെട്ടതെന്നും തനിക്കെതിരെ ഉയരുന്ന പുതിയ ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും റോണങ്കി പ്രതികരിച്ചു.

ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നുള്ള താന്‍ കഷ്ടപ്പെട്ട് പഠിച്ചാണ് ഇതു വരെ എത്തിയതെന്നും സത്യം ജയിക്കുമെന്നും റോണങ്കി പ്രതികരിച്ചു.