ഗോരഖ്പുര്‍: ഓക്സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിലേക്ക് കേന്ദ്രത്തില്‍നിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം എത്തുന്നു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ഗോരഖ്പുരിലേക്ക് പുറപ്പെട്ടത്. 

ബാബാ രാഘവ് ദാസ് ആശുപത്രിയിലെ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാര്‍ഡിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച ജപ്പാന്‍ ജ്വരത്തെ തുടര്‍ന്നാണ് മരണ സംഖ്യ ഉയര്‍ന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ മേഖലയിലെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ജപ്പാന്‍ ജ്വരത്തിനു പുറമെ മലേറിയ പോലുള്ള രോഗങ്ങളും ഇവിടെ പതിവാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

2012 ന് ശേഷം ഇവിടെ 2000 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ തുടങ്ങിയ ആശുപത്രികളിലെ ശിശുരോഗ വിദഗ്ധരെയാണ് ആരോഗ്യ മന്ത്രാലയം ഉത്തര്‍പ്രദേശിലേക്ക് അയച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദ് അറിയിച്ചു.