മുസഫര്‍പുര്‍: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെടു. അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  

ബീഹാറിലെ മുസഫര്‍പൂരില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ദേശീയപാത 28ല്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് പോലീസ് വാഹനത്തില്‍ ഇടിക്കുകയും പോലീസുകാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. 

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണ മുരളി പ്രസാദ്, പനപുര്‍ ഔട്ട്‌പോസ്റ്റ് ഓഫീസര്‍ ഡി.എന്‍ ഝാ എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. 

അമിത വേഗതയെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോ, ഡ്രൈവര്‍ ഉറങ്ങി പോയതോ ആകാം അപകടകാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് സൂപ്രണ്ട് വിവേക് കുമാര്‍, ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ബീഹാറില്‍ കഴിഞ്ഞ് ആറ് മാസത്തിനിടെ പോലീസുകാരുടെ ജീവനെടുത്ത രണ്ടാമത്തെ അപകടമാണിത്.