മുബൈ: 10 മാസം പ്രായമായ കുഞ്ഞിനെ ഡേ കെയർ സെന്ററിലെ ആയ ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. നവി മുംബൈയിലെ ഒരു ഡേകെയർ സെന്ററിലെ ആയ അഫ്സാന ശൈഖാണ് 10 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്.

മറ്റുള്ള കുട്ടികളെല്ലാം ഉറങ്ങുമ്പോഴാണ് ആയ കുഞ്ഞിനെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും അടിക്കുകയുമെല്ലാം ചെയ്യുന്നത്. മർദനത്തെത്തുടർന്ന് കുട്ടിയുടെ നെറ്റിയിൽ പരിക്കേറ്റിട്ടുമുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ആയ അഫ്‌സാന ശൈഖിനേയും നേഴ്‌സറി ഉടമ പ്രിയങ്ക നിക്കാമിനെയും പോലീസ് അറസ്റ്റ് ചെയ്ത.

ചൊവ്വാഴ്ച കുട്ടിയെ കൂട്ടാന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കളാണ് കുട്ടിയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ആയ കൃത്യമായ മറുപടി നല്‍കിയില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് കുട്ടിക്ക് മർദനമേറ്റതായി സംശയം പ്രകടിപ്പിച്ചത്, ഇതേത്തുടർന്ന് രക്ഷിതാക്കള്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു.

പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

ആയക്കും ഉടമയ്ക്കുമെതിരെ കുട്ടികള്‍ക്കെതിരെ നടത്തിയ അക്രമം, കരുതിക്കൂട്ടിയുള്ള അക്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ നേഴ്‌സറികളിലും ഡേ കെയർ സെന്ററുകളിലും സി.സി.ടി.വി സ്ഥാപിക്കുമെന്ന് മഹാരാഷ്ട്രയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചുമതലയുള്ള മന്ത്രി പങ്കജ മുണ്ടെ അറിയിച്ചു.