ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ഇടക്കാല സ്‌റ്റേ നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ആധാറിന് എതിരായ ഹര്‍ജികള്‍ ഓരോന്നായി പരിശോധിക്കാനാവില്ലെന്നും എല്ലാ പരാതികളും ഒന്നിച്ച് ജൂണ്‍ 27ന് പരിഗണിക്കാമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു.

പരസ്പര ബന്ധമുള്ള ഹര്‍ജികള്‍ ഒന്നിച്ച് കേള്‍ക്കുന്നതാണ് ഉചിതമെന്നും ചിലപ്പോള്‍ അവ ഒരേ പ്രശ്‌നങ്ങളാകും ഉന്നയിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ബാലാവകാശ സംരക്ഷണ ദേശീയ കമ്മിഷന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ ശാന്ത സിന്‍ഹ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ പരാമര്‍ശം.

സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ജൂണ്‍ 30 മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

120 കോടി ജനങ്ങള്‍ക്ക് ആധാറുണ്ട്. ഇതില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്കൊന്നും ആധാര്‍ നിര്‍ബന്ധമാക്കിയതില്‍ പ്രശ്‌നമില്ല. എന്നാല്‍, ഈ തീരുമാനം ഒരു തരത്തിലും ബാധിക്കാത്താവര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ് -അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.

ഈ വിഷയത്തില്‍ മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിട്ടുണ്ടെന്നും ഇത് സുപ്രീംകോടതി തള്ളിയതാണെന്നും മുകുള്‍ റോത്തഗി പറഞ്ഞു. വിഷയത്തില്‍ വീണ്ടും ഹര്‍ജി നല്‍കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സമാനമാണെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, മുമ്പ് സമാന വിഷയത്തില്‍ വിധി വന്നെങ്കിലും സാഹചര്യം വ്യത്യസ്തമായിരുന്നെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ആദ്യ വിധി വരുമ്പോള്‍ തങ്ങളുടെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.