പുത്തൂര്‍ (കൊല്ലം): മലയാളി സൈനികനെ പട്ടാളക്യാമ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയിമാത്യു (33) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് 14 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേവലാലിയിലെ ക്യാമ്പിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചയോടെ മൃതദേഹം കണ്ടത്. നാസിക് 214 റോക്കറ്റ് ലോഞ്ചിങ് റെജിമെന്റിലെ സൈനികനായിരുന്നു. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സൈനികകേന്ദ്രത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് വിവരംലഭിച്ചത്.

14 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 25ന് രാത്രി എട്ടേകാലോടെയാണ് റോയിമാത്യു അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വളരെ ഭയപ്പെട്ട നിലയിലായിരുന്നു സംസാരം. ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി പട്ടാളത്തിലെ തങ്ങളുടെ ജോലിയുടെ അവസ്ഥയെക്കുറിച്ച് റോയിമാത്യുവും കൂടെയുണ്ടായിരുന്ന മൂന്നുപേരും പറഞ്ഞിരുന്നു.

വീഡിയോയോ മറ്റ് റെക്കോഡിങ് സാമഗ്രികളോ ഇല്ലെന്ന് തോന്നിയതിനാലാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ വിവരങ്ങള്‍ ചാനലില്‍ കാണിച്ചു. മുറിയില്‍ തിരിച്ചെത്തിയ റോയിയുടെ ശ്രദ്ധയിലും ഇത് പെട്ടു. ഇതേത്തുടര്‍ന്ന് വിവരം ഭാര്യയെ വിളിച്ചറിയിച്ചു. തന്റെ ജോലിതന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആകെ ഭയപ്പെട്ടിരിക്കുകയാണെന്നുമാണ് പറഞ്ഞത്. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ത്തന്നെ ഫോണ്‍ കട്ടാകുകയും ചെയ്തു. പിന്നീട് നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫായ നിലയിലായിരുന്നുവെന്ന് റോയി മാത്യുവിന്റെ ഭാര്യ ഫിനി റോയി പറഞ്ഞു. വീട്ടില്‍നിന്ന് ക്യാമ്പില്‍ ബന്ധപ്പെട്ടപ്പോഴെല്ലാം റോയി 25 മുതല്‍ ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു മറുപടി. നാട്ടിലെത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ക്യാമ്പില്‍നിന്ന് സീനിയര്‍ ഓഫീസര്‍ വീട്ടിലും ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ റോയിമാത്യുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡി.ജിപിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. അനുകൂല നടപടികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബന്ധുക്കളെത്തേടി മരണവാര്‍ത്തയെത്തുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍വേണ്ടി കരസേനാ ഉപമേധാവിയടക്കമുള്ളവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. അച്ഛന്‍: മോനച്ചന്‍, അമ്മ: ഡെല്‍സി, സഹോദരങ്ങള്‍: ജോണ്‍മാത്യു, പരേതനായ ജേക്കബ് മാത്യു.