ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) രാജ്യസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് ശരദ് യാദവിനെ നീക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നാടകീയമായി രാജിവെക്കുകയും ബി.ജെ.പിയുമായി കൂട്ടുകൂടി മുഖ്യമന്ത്രിയാകുകയും ചെയ്ത നിതീഷ് കുമാറിന്റെ നടപടിയെ ശരദ് യാദവ് പിന്തുണച്ചിരുന്നില്ല. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു യോഗം. ഇത്തരം നടപടികളെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരായ നീക്കം.

രാമചന്ദ്ര പ്രസാദ് സിങ്ങ് ഇനി പാര്‍ട്ടിക്ക് രാജ്യസഭയില്‍ നേതൃത്വം നല്‍കും. അടുത്ത കാലത്തായി ശരദ് യാദവിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായതെന്നും നേതൃസ്ഥാനം വഹിക്കുന്നൊരാള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെടുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും ജെ ഡി യു ബിഹാര്‍ പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ പറഞ്ഞു.

1984 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ രാമചന്ദ്രപ്രസാദ് സിങ് സ്വയം വിരമിക്കലിനു ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. നിതീഷ് കുമാറിന്റെ അടുത്ത അനുയായി കൂടിയാണ് രാമചന്ദ്ര പ്രസാദ് സിങ്. മഹാസഖ്യത്തില്‍നിന്ന് പിന്‍വാങ്ങിയതിന് ശേഷമുള്ള നിതീഷ് കുമാറിന്റെ ഏറ്റവും പുതിയ നടപടിയാണ് ശരത് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കിയത്.

മഹാസഖ്യത്തില്‍നിന്ന് പുറത്തുവരികയും ബി ജെ പി സഹായത്തോടെ അധികാരം നേടുകയും ചെയ്ത നിതീഷിന്റെ നടപടിയോട് ശരദ് യാദവ് എതിര്‍പ്പ്  പ്രകടിപ്പിച്ചിരുന്നു.