ന്യൂഡല്‍ഹി: കഴിഞ്ഞ ചില ആഴ്ചകളായി ജെഡിയു നേതാവ് ശരത് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ശീതയുദ്ധത്തിനാണ് ബിഹാര്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ശരത് യാദവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിലൂടെ ശക്തമായ എതിര്‍പ്പാണ് പല കോണില്‍ നിന്നും ഉയരുന്നത്. 

ശരത് യാദവിനെ പുറത്താക്കിയ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന ജെഡിയു നേതാവും എംപിയുമായ അലി അന്‍വര്‍ അഭിപ്രായപ്പെട്ടു. ബീഹാറിനെ സംബന്ധിച്ച് ഇരു നേതാക്കളും പാര്‍ട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

ശരത് യാദവ് പാര്‍ട്ടിയുടെ സ്ഥാപക നേതാവാണെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും ദളിതരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് അദ്ദേഹമെന്നും രാജ്യത്തെ രാഷ്ട്രീയ നേതാക്കമാരുടെ ഇടയില്‍ സ്വീകാര്യമായ വ്യക്തിത്വമാണ് അദ്ദേഹമെന്നും അലി അഭിപ്രായപ്പെട്ടു. 

എന്നാല്‍, യാദവിന് പുറത്താക്കിയ നടപടിയെ അനുകൂലിച്ച് ജെഡിയു നേതാവായ കെ.സി. ത്യാഗി രംഗത്തെത്തിയിട്ടുണ്ട്. ജെഡിയു എല്ലാവരുടെയും പാര്‍ട്ടിയാണെന്നും എന്നാല്‍, ഇതില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, യാദവ് പുറത്തുപോയത് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും ത്യാഗി അഭിപ്രായപ്പെട്ടു. 

പാര്‍ട്ടിയില്‍ ഇതുവരെ വിഭാഗീയത ഇല്ല. എന്നാല്‍, 19ന് നടക്കുന്ന യോഗത്തില്‍ ശരത് യാദവും, അലി അന്‍വറും പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ത്യാഗി അറിയിച്ചു. 

എന്നാല്‍, തനിക്ക് പകരം റാം ചന്ദ്ര സിംഗിനെ രാജ്യസഭയിലെത്തിക്കുന്നതിനോട് താന്‍ ഈ വിഷയം ഗൗരവമായി കാണുന്നില്ലെന്നാണ് ശരത് യാദവ് പ്രതികരിച്ചത്. 

വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ശരത് യാദവിനുണ്ട്. എന്നാല്‍, ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭാ രൂപീകരിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.