ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദി എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് ട്വീറ്റ് ചെയ്തത്.

ഈ നടപടി ഒരുപാട് മുമ്പേ എടുക്കേണ്ടിയിരുന്നതാണെന്നും ഇന്ന് ശക്തമായൊരു തുടക്കമിടാനായെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

മെയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും.

എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്ന് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.