ഫത്തേപുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്കുള്ളിലെ ഗബ്ബര്‍സിങ് പുറത്തുചാടിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. 

വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയായപ്പോള്‍ മോദി ജനങ്ങള്‍ക്ക് 'അച്ഛേ ദിന്‍' വാഗ്ദാനം ചെയ്തു. ആദ്യത്തെ രണ്ടര വര്‍ഷം 'ദില്‍വാലെ ദുല്‍ഹനിയ' പോലെയായിരുന്നു മോദിയുടെ പ്രകടനം. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷം മോദിയ്ക്കുള്ളിലെ ഗബ്ബര്‍ സിങ് പുറത്തുചാടിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഷോലെ' എന്ന ചിത്രത്തിലെ കൊള്ളക്കാരന്‍ കഥാപാത്രമായ ഗബ്ബര്‍ സിങ്ങിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

റായ്ബറേലിയില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലും രാഹുല്‍ ഗാന്ധി മോദിക്കെതിരായി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ രാജ്യത്തെ കര്‍ഷകരെ മോദി ഓര്‍മിക്കാറുള്ളൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കര്‍ഷകരുടെ കഷ്ടപ്പാടിലും വേദനയിലുമൊന്നും മോദിക്ക് താല്‍പര്യമില്ല. യുപിയില്‍ ബിജെപിയുടെ സര്‍ക്കാര്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് മോദി പറയുന്നത്. പ്രധാനമന്ത്രിയായ മോദിയ്ക്ക് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ 15 മിനിട്ട് മതി. എന്നാല്‍, പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നടത്തുന്നത്. 

എപ്പോഴും മോദി മേക്ക് ഇന്‍ ഇന്ത്യ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ എവിടെ നോക്കിയാലും മേഡ് ഇന്‍ ചൈന മാത്രമാണുള്ളത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം അധികാരത്തില്‍ വന്നാല്‍ അത് യുവാക്കളുടെ സര്‍ക്കാരായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.