ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് ഇത് ഭാഗികമായി മാത്രമാണ് ആശ്വാസം നല്‍കുന്നതെങ്കിലും സര്‍ക്കാരിന്റേത് ശരിയായ ദിശയിലുള്ള ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടിയെ എക്കാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. ഒടുവില്‍ ബിജെപിയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കഷ്ടപ്പെടുന്ന കര്‍ഷകരെ വെച്ചുകൊണ്ട് രാഷ്ട്രീയം കളിക്കരുത്. രാജ്യത്ത് ദുരിതം അനുഭവിക്കുന്ന എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഒരു ലക്ഷം രൂപയുടെ മാത്രം കടാശ്വാസം നല്‍കി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. കടം പൂര്‍ണമായും എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്‍കിയ വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ 2.25 കോടി കര്‍ഷകര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നും 36,000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യുപിയില്‍ ആകെയുള്ള 2.30 കോടി കര്‍ഷകരില്‍ 2.15 കോടിയും ചെറുകിട ദരിദ്ര വിഭാഗത്തില്‍ പെടുന്നവരാണ്. 

പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് വിളനാശം സംഭവിച്ച കര്‍ഷകരുടെ 62,000 കോടിയോളം രൂപയുടെ കടമാണ് തിരിച്ചടയ്ക്കാനാവാതെ കുടിശ്ശികയായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.