പുണെ: മഹാരാഷ്ട്രയിലെ പുണെ നഗരത്തില്‍ നാല് തെരുവുനായ്ക്കളെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുവെന്ന് പരാതി. നായ്ക്കളുടെ കത്തിക്കരിഞ്ഞ അസ്ഥികള്‍ അടക്കമുള്ളവ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ കണ്ടെത്തി. നായ്ക്കുട്ടി അടക്കമുള്ളവയെ കത്തിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.

പുണെ നഗരത്തിലെ ബാനേര്‍ പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. 16 നായ്ക്കളെ വിഷംകൊടുത്ത് കൊന്നതായും സൂചന ലഭിച്ചിട്ടുണ്ട്. നാല് നായ്ക്കളുടെയും കാലുകള്‍ കൂട്ടിക്കെട്ടി 50 മീറ്റര്‍ ദൂരത്തോളം വലിച്ചിഴച്ച് കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്തെ ഒരു ഓഫീസില്‍ ഉള്ളവരാണ് നായ്ക്കളെ കൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞുവെന്നും സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 21 നായ്ക്കളുടെ ശരീര അവശിഷ്ടങ്ങളാണ് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുള്ളത്.

Strya dogs