ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ണയ രീതി പുതിയ സമവാക്യമനുസരിച്ച്‌ പരിഷ്‌കരിക്കുന്നു.

. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള പദ്ധതിക്ക് 5000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുക. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒരു പ്രത്യേക തസ്തികയിലിരിക്കെ ഒരാള്‍ വിരമിക്കുമ്പോള്‍ പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ അയാള്‍ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാകും പുതിയ രീതി അനുസരിച്ച് ആധാരമാക്കുക. പെന്‍ഷന്‍ ഓരോ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിഷ്‌കരിക്കുന്ന നിലവിലെ രീതിയിലും മാറ്റം വരും.

ഇതനുസരിച്ച് ആറാം ശമ്പള കമ്മീഷന്‍ കാലത്ത് ഡയറക് ടറായി വിരമിക്കുന്നയാളുടെ പെന്‍ഷന്‍ 10 വര്‍ഷം കഴിയുമ്പോള്‍ ഏഴാം ശമ്പള കമ്മീഷനില്‍ ഡയറക് ടറുടെ ശമ്പളം അനുസരിച്ച് പെന്‍ഷന്‍ പുനര്‍നിര്‍ണയിക്കും. അടുത്തയാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പുതിയ പെന്‍ഷന്‍ രീതി അംഗീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പെന്‍ഷന്‍ സെക്രട്ടറിയുടെ നേൃത്വത്തിലുള്ള കമ്മിറ്റിയാണ് പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി പരിഷ്‌കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഏഴാം ശമ്പളകമ്മീഷന്‍ പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് രണ്ട് രീതികളാണ് ശുപാര്‍ശ ചെയ്തത്. ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ പകുതിയെ 2.57 കൊണ്ട് ഗുണിക്കുന്ന തുക പെന്‍ഷനായി നല്‍കുക. മറ്റൊന്ന് ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളത്തെ അടിസ്ഥാനമാക്കി ഇന്‍ക്രിമെന്റുകള്‍ തട്ടിക്കിഴിച്ച് നിശ്ചയിക്കുന്ന രീതിയാണ് മറ്റൊന്ന്. ഇത് പലപ്പോഴും ആക്ഷേപങ്ങള്‍ക്കിട വരുത്തിയിരുന്നു

ഇതിന് പ്രധാനകാരണമായി പറയുന്നത് പല സര്‍ക്കാര്‍ ഓഫീസുകളിലും രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ പലര്‍ക്കും പെന്‍ഷന്‍ തുക നിശ്ചയിക്കുന്നതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഇത് പലപ്പോഴും നിയമപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ പെന്‍ഷന്‍ നിര്‍ണയരീതി തയാറാക്കിയത്.