ന്യൂഡല്‍ഹി: പെട്രോളിയം കമ്പനികളുടെ ദൈനംദിന ഇന്ധന വില നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സുതാര്യമായാണ് എണ്ണക്കമ്പനികള്‍ ദൈനംദിന വില നിര്‍ണയം നടത്തുന്നത്. ഈ രീതിതന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതാണ് യുക്തിസഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം ജി.എസ്.ടി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി അരുണ്‍െ ജെയ്റ്റ്‌ലിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ നികുതിഭാരം കുറയ്ക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അടിസ്ഥാന സൗകര്യ വികസന രംഗത്തെ വന്‍ പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാരിന് പണം കണ്ടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില കുത്തനെ ഉയരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

വില കുറയുന്നത് അവഗണിക്കപ്പെടുകയും വില ഉയരുന്നതുമാത്രം പെരുപ്പിച്ച് കാട്ടുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് രാജ്യാന്തര വിപണിയിലെ എണ്ണവില കണക്കിലെടുക്കേണ്ടിവരും.

രാജ്യാന്തര വിപണിയിലെ എണ്ണവില വരും ദിവസങ്ങളില്‍ കുറയുന്നതോടെ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മാത്രമെ കേന്ദ്രസര്‍ക്കാര്‍ ഇടപെടൂവെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

പൊതുമേഖലാ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദൈനംദിന വില നിര്‍ണയം തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ധനവില കുറഞ്ഞിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതോടെയാണ് പിന്നീട് രാജ്യത്തും വില വര്‍ധനയുണ്ടായതെന്നും ധര്‍മേന്ദ്ര പ്രധാന്‍ അവകാശപ്പെട്ടു.