ന്യൂഡല്‍ഹി:   ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്.

അതേസമയം നഴ്‌സിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്നുമാസം മുമ്പുതന്നെ പിരിഞ്ഞുപോകണമെന്ന് കാണിച്ച് നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

നോട്ടീസ് കാലാവധി കഴിഞ്ഞതിന് ശേഷമാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എയിംസ് ആശുപത്രിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ചികിത്സയില്‍ കഴിയുന്നത്. ഈ നഴ്‌സിന്റെ ചികിത്സാ ചിലവ് ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ വഹിക്കണമെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ആലപ്പുഴ സ്വദേശിനിയായ യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്. നഴ്സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.