ന്യൂഡല്‍ഹി: പാകിസ്താനില്‍ പോയി മടങ്ങിയ രണ്ട് സൂഫി പുരോഹിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. സ്വയം പ്രതിരോധത്തിനായും സഹാനുഭൂതി ലഭിക്കാനുമായി അവര്‍ കള്ളം പറയുകയാണെന്നും സ്വാമി പറഞ്ഞു. 

റോ ഏജന്റായി അവരെ ചിത്രീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസനീയമല്ല. അവര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതയി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എ.എന്‍.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 

എന്നാല്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ ഡല്‍ഹി ഹസ്‌റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് നിസാമി, നിസാം അലി നിസാമി എന്നിവര്‍ ഇന്ത്യ, പാകിസ്താന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും നന്ദിപറയുന്നതായും അവര്‍ പറഞ്ഞു. തിരിച്ചെത്തിയശേഷം ഇരുവരും സുഷമ സ്വരാജിനെ നേരിട്ട് കണ്ട് നന്ദിയറിയിച്ചിരുന്നു. 

ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ഉര്‍ദ്ദു പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരേയും തട്ടിക്കൊണ്ടു പോയതെന്ന്  സൈദ് ആസിഫ് നിസാമിയുടെ മകന്‍ അമിര്‍ നിസാം ആരോപിച്ചു. എന്നാല്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അമിര്‍ തയ്യാറായില്ല. 

പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പോയ ഇരുവരേയും മാര്‍ച്ച് 15ന് ലാഹോറില്‍ വച്ചാണ് കണാതായതായത്. തുടര്‍ന്ന് സിന്ധ് പ്രവശ്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.