കാലിഫോര്‍ണിയ: നെറ്റ് സമത്വത്തിനനുകൂലമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഭാഗത്തുനിന്നുണ്ടായ തീരുമാനം നിരാശപ്പെടുത്തിയെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. എന്നിരുന്നാലും ഇന്ത്യയെ ഇന്റര്‍നെറ്റില്‍ സജീവമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും സക്കര്‍ബെര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് ഇന്റര്‍നെറ്റ് വഴിയുള്ള സേവങ്ങള്‍ക്കെല്ലാം ഒരേ നിരക്ക് മാത്രമേ ഏര്‍പ്പെടുത്താവൂ എന്ന ഉത്തരവ് ട്രായ് പുറത്തിറക്കിയത്.

 

Everyone in the world should have access to the internet. That's why we launched Internet.org with so many different...

Posted by Mark Zuckerberg on Monday, 8 February 2016

ലോകത്തെ മുഴുവനും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഫ്രീബെയ്‌സിക്‌സ് പോലുള്ള പദ്ധതികള്‍ക്ക് ട്രായിയുടെ പുതിയ നിര്‍ദ്ദേശം തടസ്സമാകും- അദ്ദേഹം പറഞ്ഞു. മൂന്നാം ലോക രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ ഏതാനും സൈറ്റുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്  ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലയന്‍സ് മൊബൈല്‍ സര്‍വീസുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഈ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കത്തിനും തുല്യ അവകാശമാണെന്ന നെറ്റ് സ്വാതന്ത്യവാദത്തിന് എതിരാണ് ഇത് എന്ന വാദം കനത്തു. ഇന്ത്യയില്‍ ഈ വിഷയത്തില്‍ ടെലികോം വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പൊതുസംവാദം നടത്തി. സംഭവം വിവാദമായതോടെ ഫ്രീബെയ്‌സിക്‌സ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് ഇതേ സംവിധാനം അവതരിപ്പിച്ചു. ട്രായിയുടെ പുതിയ നിര്‍ദ്ദേശം ഇങ്ങനെയാണ് ഫെയ്‌സ്ബുക്കിന് തിരിച്ചടിയായത്.

ഇന്ത്യയില്‍ പത്തുലക്ഷത്തിലേറെ പേര്‍ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തവരാണ്. ഫ്രീബെയ്‌സിക്‌സിലൂടെ ഇന്റര്‍നെറ്റ് ലഭിക്കുമ്പോള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാകും- സക്കര്‍ബെര്‍ഗ് പറഞ്ഞു.