ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തവണയും പ്രായപരിധിയും പരിമിതപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി നിയോഗിച്ച സമിതി. രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശുപാര്‍ശ ചെയ്തത്. ലോധ സമിതി കഴിഞ്ഞമാസം 28-ന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു വിദ്യാര്‍ഥിയെ പരമാവധി മൂന്നുതവണ മാത്രമേ നീറ്റ് എഴുതാന്‍ അനുവദിക്കൂവെന്നതിന് പുറമെ പരമാവധി പ്രായം 25 ആക്കി നിജപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനുവരിയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരമായിരുന്നു തീരുമാനം. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇതിനെ വിദ്യാര്‍ഥികള്‍ കോടതിയില്‍ ചോദ്യം ചെയ്തു.

ലോധ സമിതിയുടെ ശുപാര്‍ശ സുപ്രീംകോടതി ഈമാസം 20-ന് പരിഗണിക്കും. ശുപാര്‍ശകള്‍ സുപ്രീംകോടതി അംഗീകരിച്ചാല്‍ നീറ്റ് നടത്തുന്ന സി.ബി.എസ്.ഇ.ക്ക് അപേക്ഷാ നടപടികള്‍ പുനഃപരിശോധിക്കേണ്ടിവരും. അപേക്ഷാ നടപടികള്‍ ഈമാസം ഒന്നിന് അവസാനിച്ചിരുന്നു.

നേരത്തെ 17 തികഞ്ഞ വിദ്യാര്‍ഥിക്ക് നീറ്റിന് അപേക്ഷിക്കാമായിരുന്നു. എത്രതവണ വേണമെങ്കിലും എഴുതുകയുമാകാം. ഈ സമ്പ്രദായത്തിന് അനുകൂല നിലപാടാണ് ലോധ സമിതിക്കുള്ളത്.