ന്യൂഡല്‍ഹി:  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാമൂഹ്യമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജന താല്പര്യാര്‍ഥം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വന്തം പ്രശസ്തിക്ക് വേണ്ടിയുള്ള ഉപയോഗം അത്ര നല്ലതല്ലെന്നും മോദി പറഞ്ഞു. 11-ാമത് സിവില്‍ സര്‍വീസ് ദിനത്തില്‍ ഉന്നതോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ തിയതികളും മറ്റും അറിയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അദ്ദേഹം പറഞ്ഞു.

ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

താന്‍ പലപ്പോഴും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നതായുള്ള ചിത്രം  മൊബൈലില്‍ എടുക്കുന്ന തിരക്കിലായിരുക്കുമെന്ന എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ചിന്താഗതിയിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാലാനുസൃതമായി പ്രവര്‍ത്തന ശൈലി മാറ്റണം. നിര്‍ദേശം നല്‍കുകയല്ല അത് പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. പ്രാധാന്യമര്‍ഹിക്കുന്ന നടപടിക്കളെടുക്കുമ്പോള്‍ ക്രിയാത്മകമായി ചിന്തിക്കണം. എന്തുകൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ 20 - 25 വര്‍ഷമായി നിശ്ചലമായിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഉദ്യോഗസ്ഥര്‍ ദേശീയ താല്പര്യം മുന്‍ നിര്‍ത്തിയായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരും. താല്കാലികമായതോ ഒരു പ്രത്യേക മേഖലയ്ക്ക് മാത്രം ഗുണപരമായതോ ആയ തീരുമാനങ്ങളെടുക്കരുത്. കാലാനുസൃതമായി സ്വയം മാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.