മുംബൈ:  കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി രൂപീകരണം. ഞായറാഴ്ച പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

65 കാരനായ റാണെയെ കൂടെക്കൂട്ടുന്നത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

അടുത്ത ആഴ്ച ഇദ്ദേഹം മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പാര്‍ട്ടി രൂപികരണ നീക്കവുമായി നാരായണ്‍ റാണെ മുന്നോട്ടുപോകുന്നത്. സഖ്യം വിടുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്ന ശിവസേനയെ മെരുക്കാന്‍ റാണയെ ഉപോയോഗിക്കാനാണ് ബിജെപി നീക്കം.

മുന്‍ ശിവസേന നേതാവുകൂടിയായ നാരായണ്‍ റാണെയ്ക്ക് കൊങ്കണ്‍ മേഖലകളില്‍ വലിയ സ്വാധിനമുണ്ട്. 2005ലാണ് ഇദ്ദേഹം സേനയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നത്. തൊട്ടടുത്ത ദിവസം റാണെയെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ റവന്യു മന്ത്രിയാക്കി.

2014 വരെ കോണ്‍ഗ്രസില്‍ ശക്തനായ നേതാവായി ഇദ്ദേഹം തുടര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയതെന്നും വാഗ്ദാനം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നാരോപിച്ചാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ആഴ്ച രാജിവെച്ചത്.