ന്യൂഡല്‍ഹി: കൈയേറ്റം വ്യാപകമായ മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി.ആര്‍. ചൗധരി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അപകടസാധ്യത വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭൗമ വിദഗ്ധന്‍ കൂടിയായ സി.ആര്‍. ചൗധരിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

മൂന്നാര്‍ അപകടാവസ്ഥയിലാണെന്നും ഈനില തുടര്‍ന്നാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഉത്തരാഖണ്ഡില്‍ സംഭവിച്ചതിന് സമാനമായി വലിയ ദുരന്തസാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. മൂന്നാറിലെ വഴികള്‍ ഇടുങ്ങിയതാണ്. അതിനാല്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകും. സൈന്യത്തിന് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി എത്തിച്ചേരാനും പ്രയാസമാണ്. പെട്ടെന്ന് താഴ്ന്നുപോകുന്ന മണ്ണാണ് മൂന്നാറിലുള്ളത്. ഈ മണ്ണില്‍ അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഏറെയും. വനനശീകരണം വ്യാപകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂന്നാറില്‍ താഴ് വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാവൂ എന്നും കര്‍ശനനിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.