ന്യൂഡല്‍ഹി: ദളിത് മറാഠാ വിഭാഗങ്ങള്‍ തമ്മില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷം കനക്കുന്നു. സംഘര്‍ഷത്തോടനുബന്ധിച്ച് ദളിത് സംഘടനകള്‍ മഹാരാഷ്ട്രയില്‍ ബുധനാഴ്ച നടത്തിയ ബന്ദില്‍ വ്യാപക അക്രമം ഉണ്ടായി. സമരക്കാര്‍ തീവണ്ടികള്‍ തടയാന്‍ ശ്രമിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും അക്രമം ഉണ്ടായി. 

ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള്‍ സമരക്കാര്‍ തടസ്സപ്പെടുത്തി. കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സമ്മതിക്കുകയും ചെയ്തില്ല. വിവിധ ഭാഗങ്ങളിലൂടെ പോലീസ് വാഹനങ്ങള്‍ തിരിച്ച് വിട്ടത് മൂലം പല സ്ഥലങ്ങളിലും വലിയ ഗതാഗത തടസ്സവുമുണ്ടായി. 13 ബസ്സുകളാണ് ബന്ദില്‍ സമരക്കാര്‍ തല്ലി തകര്‍ത്തത്. നാഗ്പുര്‍, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. മിക്കയിടങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നിരുന്നു. സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ഇതിനിടെ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച പൂണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരെ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതിനിടെ 26 കാരന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം വ്യാപകമാവുകയും ചെയ്തു. തുടര്‍ന്ന് ദളിത് വിഭാഗക്കാര്‍ ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.