മുംബൈ: മകളോട് അശ്ലീലമായി പെരുമാറുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ചെറുത്ത അമ്മയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. അമ്മയും സുഹൃത്തും അവരുടെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും മുബൈ മസീന ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌.

 

സംഭവത്തില്‍ 25കാരനായ ദീപക് ജേത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

മകളുടെ പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തുന്നതും മകള്‍ക്ക് നേരെ തന്റെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും ദീപകിന്റെ പതിവ് വിനോദമായിരുന്നു. പല തവണ പെൺകുട്ടിയും  അമ്മയായ അമരാവതി ഹരിജനും താക്കീത് നല്‍കിയിട്ടും ദീപക് പ്രവൃത്തി തുടര്‍ന്നു കൊണ്ടേയിരുന്നു.

ഏപ്രില്‍ 14നാണ് സംഭവത്തിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ഗണേഷ് നഗര്‍ സ്വദേശിയായ 18കാരി സംഭവം വിവരിക്കുന്നു.

'വീടിന് പുറത്തിരിക്കുന്ന എന്റെ ദേഹത്തേക്ക് പൊടുന്നനെ അയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. എന്നാല്‍ തീ കൊളുത്താന്‍ പുറപ്പെടുമ്പോഴേക്കും ഞാന്‍ ഓടി വീടിനകത്തേക്ക് കയറി ദേഹത്ത് വെള്ളമൊഴിച്ചു. എന്നാല്‍ ഞാന്‍ തിരിച്ചു വന്നപ്പോള്‍ അമ്മ ആളിക്കത്തുന്നതാണ് കണ്ടത്. 
ഞങ്ങളുടെ കുടുംബ സുഹൃത്തിനും അവരുടെ രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിനും പൊള്ളലേറ്റിരുന്നു', പെണ്‍കുട്ടി പറയുന്നു.

94 % പൊള്ളലേറ്റ അമരാവതിയുടെ തുടര്‍ച്ചികിത്സയ്ക്ക് 18 ലക്ഷം വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയും അവളുടെ ഇളയ സഹോദരങ്ങളും അമ്മയുടെ ചികിത്സാ സഹായത്തിനായി ഓരോ വാതിലും മുട്ടിക്കയറുകയാണ്. കൂലിപ്പണിക്കാരനായ അച്ഛനും ആശങ്കയിലാണ്.

ദീപക് ശല്യപ്പെടുത്തുന്നുവെന്ന പറഞ്ഞ് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ മുഖത്തടിച്ച് പോലീസ് പറഞ്ഞയച്ചു എന്നല്ലാതെ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്നാണ് സ്ത്രീ സംഘടനകള്‍ പറയുന്നത്.