ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടന്നത് പുതിയ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെ ഉദയമാണിത്. പുതിയ ഇന്ത്യയുടെ രൂപീകരണത്തിന് വേണ്ടിയുള്ള ജനവിധിയാണ് ഉണ്ടായത്. വൈകാരികമായല്ല വികസനത്തിനായാണ് ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊരു വിജയത്തിനും നിരവധി ഘടകങ്ങളുണ്ടാകും. എന്നാല്‍ ഇത്രയധികം വലിയ വിജയം എല്ലാവരേയും ചിന്തിപ്പിക്കുന്നതാണ്. ജനം ജനാധിപത്യത്തിന്റെ വിജയം ആഘോഷിക്കുന്നു. പണ്ഡിറ്റ് ദീനദയാലിന്റെ നൂറാം ജന്‍മ വാര്‍ഷികത്തില്‍ നടന്ന തിരഞ്ഞെടുപ്പ് നമ്മെ സംബന്ധിച്ചിടത്തോളം വൈകാരികമായിരുന്നു. ബിജെപിയുടെ പിന്തുണ കുറഞ്ഞു എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ എന്തുപറയുന്നു എന്നതാണ് പ്രധാനം. 

അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് വോട്ട് നല്‍കിയവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. രാഷ്ട്രപുരോഗതിക്ക് വേണ്ടിയുള്ള ഒരവസരവും വെറുതെ കളയില്ലെന്ന് ഞാനവര്‍ക്ക് ഉറപ്പ് നല്‍കുകയാണ്.  നമ്മള്‍ പുതിയ ആളുകളായതുകൊണ്ട് പരിചയക്കുറവ് മൂലം തെറ്റുകള്‍ സംഭവിക്കാം എന്നാല്‍ തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്യാറില്ല. 

തന്റേത് ബിജെപിക്ക് വോട്ട് ചെയ്തവര്‍ക്ക് മാത്രമുള്ള സര്‍ക്കാരല്ല. ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്കും കൂടിയുള്ളതാണ്. പുതിയ ഇന്ത്യയുടെ ഉദയമാണിത്.  യൂവാക്കളുടെ സ്വപ്‌നങ്ങളിലുള്ള ഒരു പുതിയ ഇന്ത്യ. സ്ത്രീകളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്ന ഇന്ത്യ, സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ഒരിന്ത്യ, ഇതാണ് താനിപ്പോള്‍ കാണുന്നത്. 

സാധാരണക്കാരുടെ ഉയര്‍ച്ചയ്ക്കായാണ് ഞങ്ങളുടെ പ്രവര്‍ത്തനം. സാധാരണക്കാരുടെ ശക്തി ഞങ്ങള്‍ മനസിലാക്കുന്നു.   മധ്യവര്‍ഗത്തിന്റെ ക്ലേശങ്ങള്‍ കു റയ്ക്കും. അവരുടെ ഭാവി ശോഭനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

500 മീറ്ററോളം ദൂരം റോഡിലൂടെ നടന്നാണ് മോദി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. വഴിയോരത്ത് കാത്തുനിന്ന് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചു. പാര്‍ട്ടി ആസ്ഥാനത്തെത്തിയ മോദിയെ ആഭ്യന്തര മന്ത്രി രാജാനാഥ് സിങ്, നഗരവികസന മന്ത്രി വെങ്കയ്യനായിഡു, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ ആരംഭിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷം മുഖ്യമന്ത്രിമാരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും.