ന്യൂഡല്‍ഹി: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരായ പലരും ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഇവര്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിക്കണണെന്നും മോദി ആവശ്യപ്പെട്ടു. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതിക്കെതിരെ പോരാടേണ്ടത് രാഷ്ട്രീയപ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്ക് നിയമം ഒരു ശിക്ഷ അനുശാസിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും വേണം.

പൊതുജീവിതത്തില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നതിനൊപ്പം അഴിമതിക്കെതിരെയുള്ള പോരാട്ടവും അനിവാര്യമാണ്. സ്വന്തം പാര്‍ട്ടിയിലുള്ള അഴിമതിക്കാരെ തിരിച്ചറിഞ്ഞ് അവരോട് സഹകരിക്കാതെ ഒറ്റപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.