മേട്ടുപ്പാളയം: സ്വകാര്യ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശിരുമുഖൈ റേഞ്ചില്‍ പെത്തികുട്ട ബീറ്റിലെ ചിട്ടേപാളയതാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ആന ചരിഞ്ഞ് നിലയില്‍ കിടക്കുന്നത് കണ്ട സ്ഥലമുടമ തന്നെയാണ് റേഞ്ചറെ വിവരമറിയിച്ചത്.

സ്ഥലത്തെത്തിയ വനപാലകര്‍ പരിശോധിച്ചതില്‍ തുമ്പിക്കൈ കരിഞ്ഞ നിലയില്‍ കണ്ടപ്പോള്‍ തന്നെ വൈദ്യുത ആഘാതമേറ്റാനെന്നു ചരിഞ്ഞതെന്നു മനസിലായി. ഉച്ചയോടെ കോയമ്പത്തൂര്‍ ഡിഎഫ്ഒ രാമസുബ്രമണ്യം, സത്യമംഗലം കടുവ സംരക്ഷണകേന്ദ്രം വെറ്റിനറി സര്‍ജന്‍ ഡോ. കെ. അശോകന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചതില്‍ ആനയുടെ സമീപം വൈദ്യുതപോസ്റ്റുകള്‍ സ്ഥാപിച്ചതിന്റെയും കമ്പിചുരുട്ടിക്കെട്ടി വെച്ചിരിക്കുന്നതും കണ്ടെത്തിയതോടെ സ്ഥലമുടമ വരദരാജന്‍ കീഴടങ്ങുകയായിരുന്നു. ഏകദേശം 12 വയസ്സുള്ള ആനയാണ് ചരിഞ്ഞത്.

വനത്തോട് ചേര്‍ന്ന പ്രദേശത്ത് സോളാര്‍വേലിയുണ്ടെങ്കിലും വീട്ടില്‍നിന്ന് നേരിട്ടാണ് വൈദ്യുതികമ്പി ഉപയോഗിച്ച് സ്ഥലം സംരക്ഷിക്കുന്നതെന്നു കണ്ടെത്തിയതായി വൈദ്യുതവകുപ്പ് അസി.എന്‍ജീനിയര്‍ വരദരാജന്‍ അറിയിച്ചു. ദേശിയതലത്തില്‍ ആനകളുടെ കണക്കെടുപ്പ് നടക്കുന്ന ദിവസങ്ങളിലാണ് ഒരാനകൂടി കൊല്ലപ്പെട്ടത്.