സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാണ്ഡി - പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മണ്ണിനടിയിലായി. ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഏഴുപേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. 

ദേശീയപാതയില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു രണ്ടു ബസുകളും. ചാംബയില്‍ നിന്ന് മണാലിയിലേക്കും, മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകളായിരുന്നു അവ. ഇതില്‍ ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. സിംലയില്‍  നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.