കൊല്‍ക്കത്ത: പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാദേവി അന്തരിച്ചു. 90 വയസായിരുന്നു. കൊല്‍ക്കത്തയിലെ ബെല്‍ വ്യു ആസ്പത്രിയിലായിരുന്നു അന്ത്യം. രണ്ടു മാസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

അണുബാധ കൂടിയത് ആരോഗ്യനില ഗുരുതരമാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ നില വീണ്ടും വഷളാവുകയായിരുന്നു. രക്തത്തിലെ അണുബാധയും വര്‍ധിച്ചിരുന്നു.

രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക കൂടിയായ മഹാശ്വേതയ്ക്ക് മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍. അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. 

ആദിവാസികളും ദളിതരും നേരിടുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യവാകാശ ധ്വംസനങ്ങളും തന്റെ കൃതികളില്‍ പ്രമേയമായി വന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികാരികളില്‍ എത്തിക്കുന്നതിലും അവരുടെ സമരങ്ങളിലും ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചു.

സാഹിത്യ ഇതിഹാസത്തിന് ആദരാഞ്ജലികള്‍ (മാതൃഭൂമി ഡോട്ട് കോം വീഡിയോ)

1926 ധാക്കയിലായിരുന്നു മഹാശ്വേതാദേവി ജനിച്ചത്. കവി മനീഷ് ഘട്ടകാണ് പിതാവ്. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. 

1964ല്‍ ബിജോയ്ഗര്‍ സ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മഹാശ്വേതാദേവി എഴുത്തും പത്രപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോയി. 1956ല്‍ എഴുതിയ 'ത്സാന്‍സി റാണി'യാണ് ആദ്യ കൃതി. 1984ന് ശേഷം മഹാശ്വേതാദേവി തന്റെ മുഴുവന്‍ സമയവും എഴുത്തിനായി മാറ്റിവെക്കുകയായിരുന്നു. 

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍  നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ 'ഭട്ടാചാര്യയെ വിവാഹം കഴിച്ചു. പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ആയ നാബുരന്‍ 'ഭട്ടാചാര്യ മകനാണ്. 1959ല്‍ മഹാശ്വേതാദേവി വിവാഹമോചിതയായി.

സാമൂഹിക അസമത്വത്തിനും വിവേചനത്തിനും, പട്ടിണിക്കുമെതിരെ തന്റെ തൂലിക ചലിപ്പിച്ച മഹാശ്വേതാദേവി ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഏറെ നാള്‍ പോരാടി. 

ഇടതുപക്ഷ അനുഭാവിയായിരുന്നിട്ടും ബംഗാളില്‍ ഇടത് സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ  ശക്തമായി പോരാടി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവര്‍ കേരളത്തിലെത്തി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.