ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 15000 ഓളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിലെ ജോഷിമത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ്- ബദരിനാഥ് ദേശീയപാതയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി. ഇതോടെ തീര്‍ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. 

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) പൊലീസും അപകടസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. മണ്ണിടിച്ചിലിന്റെ വ്യാപ്തി കൂടുതലായതിനാല്‍ ബദ്രിനാഥ് ദേശീയപാത ഗതാഗതയോഗ്യമാക്കാന്‍ രണ്ടു ദിവസമെങ്കിലുമെടുക്കുമെന്ന് ബിആര്‍ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

2013ല്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വന്‍ നാശം വിതച്ചിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം 5700 പേരാണ് കൊല്ലപ്പെട്ടത്.