ന്യൂഡൽഹി:  തനിക്കും കുടുംബത്തിനുമെതിരെ ബിജെപി ഉയര്‍ത്തുന്ന ഭൂമി കുഭകോണ ആരോപണങ്ങള്‍ രാഷ്ട്രീയ പകപോക്കലെന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. തന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വ ഇടപെടലാണിതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിജെപിക്കെതിരെ ആരോപണവുമായി ലാലുപ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. 

1000 കോടിയുടെ ബിനാമി സ്വത്ത് തന്റെയും കുടുംബത്തിന്റെയും കൈവശമുണ്ടെന്ന ബിജെപിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്നും ലാലുപ്രസാദ് കുറ്റപ്പെടുത്തുന്നു.

'താനും തന്റെ മക്കളും സമ്പാദിച്ചതിന്റെ കണക്കുകള്‍ പൊതുജനസമക്ഷമുണ്ട്, ആദായ നികുതി വകുപ്പിലും അതിന്റെ വിവരങ്ങളുണ്ട്', അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുന്നതിനാലാണ് തന്നെ ആർ എസ് എസ്സും ബിജെപിയും ഉന്നം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുന്നതിനെയും അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശിച്ചു.