നാസിക്: ആദായനികുതി വകുപ്പ് സംഭരണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഉള്ളിവില കുത്തനെ ഇടിഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗൗണ്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയ ഉള്ളി വിലയില്‍ ഇടിവുണ്ടായത്. ഒരൊറ്റ ദിവസം കൊണ്ട് 35 ശതമാനം ഇടിവാണ് വിലയിലുണ്ടായത്. 

വ്യാഴാഴ്ച്ച നാസിക്കിലെ ഏഴ് ഉള്ളി സംഭരണ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായനികുതി വകുപ്പിന്റെ പൂണൈ ഓഫീസിന്റെ നേതൃത്വത്തില്‍ 120 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് സംഭരണകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. 

ലൗസല്‍ ഗൗണിലെ വ്യാപാരികള്‍ ഉള്ളി പൂഴ്ത്തിവച്ചു കൊണ്ട് കൃതിമവിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയില്‍ കൃതിമവിലക്കയറ്റമുണ്ടാക്കാനായി വ്യാപാരികള്‍ ഉള്ളി പൂഴ്ത്തി വയ്ക്കുന്നത് സ്ഥിരം സംഭവമാണ്. 

കര്‍ഷകരില്‍ നിന്ന് ഉള്ളി വന്‍തോതില്‍ വാങ്ങി കൂട്ടിയ ശേഷം കൃതിമക്ഷാമം സൃഷ്ടിക്കുകയും പിന്നീട് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതുമാണ് വ്യാപാരികളുടേയു ഇടനിലക്കാരുടേയും തന്ത്രം.