ഗാന്ധിനഗര്‍: ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥയെ നവീകരിക്കുന്ന പ്രക്രിയ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റലൈസ്ഡ് സമ്പദ്‌വ്യവസ്ഥയാകുന്നതിനുള്ള വാതില്‍പ്പടിയിലാണ് ഇപ്പോള്‍ ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 'വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്" എട്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ലോക സമ്പദ്‌വ്യവസ്ഥയില്‍ ജ്വലിക്കുന്ന ബിന്ദുവാണ് ഇന്ത്യ. ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തെ നേരിട്ടപ്പോളും ഇന്ത്യയ്ക്കുണ്ടായത് വലിയ വളര്‍ച്ചയാണ്. മേക്ക് ഇന്‍ ഇന്ത്യ ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ നീക്കമാണ്. 

രാജ്യത്ത് ബിസിനസിന് സഹായകരമായ സാഹചര്യമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. വൈകാതെ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രമായി ഇന്ത്യ മാറും. ഇതോടെ നിക്ഷേപകര്‍ക്ക് അഭൂതപൂര്‍വ്വമായ അവസരങ്ങളാണ് ലഭ്യമാകുക. മികച്ച അവസരങ്ങള്‍, വാങ്ങല്‍ ശേഷി, മികച്ച വരുമാനം, മികച്ച ജീവിതനിലവാരം ഇതൊക്കെ ചേര്‍ന്നതാണ് നമ്മുടെ വികസന സങ്കല്‍പം- മോദി പറഞ്ഞു.