യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും 3175 കോടി രൂപ ചെലവിട്ട് 1600 മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്മാറി. സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനമാണ് റദ്ദാക്കിയത്. ഇസ്രയേലിലെ ആയുധ നിര്‍മാണക്കമ്പനിയായ റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും ഇസ്രയേല്‍ കമ്പനിയെ കഴിഞ്ഞയാഴ്ചയാണ് അറിയിച്ചത്. വന്‍ ഇടപാട് വേണ്ടെന്ന് വച്ചപ്പോള്‍ 44 കോടി രൂപ ചെലവില്‍ 131 'ബരാക് സര്‍ഫസ് ടു എയര്‍' മിസൈലുകള്‍ വാങ്ങാന്‍ തീരുമാനം എടുത്തിട്ടുമുണ്ട്. ഇതിന്, പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അനുമതി നല്‍കിയിട്ടുമുണ്ട്.
ഉറപ്പിച്ച ഇടപാടില്‍നിന്ന് ഇന്ത്യ പിന്മാറിയതില് ഇസ്രയേല്‍ ഖേദം രേഖപ്പെടുത്തി. എന്നാല്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള ബന്ധം തുടരുമെന്നും അത്യാധുനിക യുദ്ധോപകരണങ്ങള്‍ നല്കാന് ഇനിയും തയ്യാറാണെന്നും റഫേല്‍ കമ്പനി വ്യക്തമാക്കി.
ചലിച്ചുകൊണ്ടിരിക്കുന്ന ടാങ്കര്‍ ഉള്‍പ്പെടെയുള്ളവയെ ലക്ഷ്യമാക്കി തൊടുക്കാവുന്ന ഭാരം കുറഞ്ഞ മിസൈലാണ് സ്പൈക്ക്. 2014-ല്‍ വാഷിങ്ടണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ജാവെലിന്‍ മിസൈലുകള്‍ വേണ്ടെന്നുവച്ചാണ് ഇസ്രയേലില്‍ നിന്ന് സ്പൈക്ക് മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചത്. വിലപേശലുകള്‍ നടത്തി മിസൈല്‍ വാങ്ങാനുള്ള ഉടമ്പടികള്‍ ഉറപ്പിച്ച ശേഷമാണ് പിന്മാറ്റം അറിയിച്ചത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്.ഡി.ഒ.) ഗുണമേന്മയേറിയ മിസൈല്‍ സ്വന്തമായി നിര്‍മിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നും സൂചനയുണ്ട്.