ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ക്കുവാന്‍ കര്‍സേവകരെ ഇളക്കിവിട്ടത് അദ്വാനിയല്ലെന്നും അത് ചെയ്തത് താനാണെന്നും മുന്‍ ബി.ജെ.പി നിയമജ്ഞന്‍ രാംവിലാസ് വേദാന്തി. സംഭവവുമായി ബന്ധപ്പെട്ട് അദ്വാനിക്ക് ഒരു പങ്കുമില്ലെന്നും രാംവിലാസ് വേദാന്തി പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തില്‍ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിവാദ പ്രസ്താവനയുമായി രാംവിലാസ് വേദാന്തി രംഗത്തെത്തിയിരിക്കുന്നത്. 

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു വേദാന്തി. താനും വിശ്വഹിന്ദു പരിഷത്തിന്റെ മറ്റ് നേതാക്കളായ അശോക് സിംഗാള്‍, ഖൊരക്‌നാഥ് ക്ഷേത്രത്തിലെ മെഹന്ത് അവൈദ്യനാഥ് എന്നിവര്‍ ചേര്‍ന്ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടണമെന്ന് തീരുമാനക്കുകയായിരുന്നുവെന്നും വേദാന്തി പറയുന്നു.  

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, വിനയ് കട്യാര്‍ എന്നിവര്‍ ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.