ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ അനധികൃതമായി എത്തിച്ചു നല്‍കുന്ന വന്‍സംഘം രാജ്യത്ത് പ്രവര്‍ത്തിച്ചതായുള്ള സൂചനയെ തുടര്‍ന്ന് ആദായനികുതി വകുപ്പും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ പ്രസ്സുകളില്‍നിന്നും റിസര്‍വ്വ് ബാങ്കില്‍നിന്നും പുതിയ നോട്ടുകള്‍ 'ഹോം ഡെലിവറി'യായി എത്തിച്ചുകൊടുക്കുന്നതിന് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇരുപത് ലക്ഷത്തിന്റെ പുതിയ 2000 രൂപാ നോട്ടുകളുമായി ഡല്‍ഹിയില്‍നിന്ന് കൃഷ്ണ കുമാര്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ മഹാരാഷ്ട്രയിലെയും പശ്ചിമബംഗളിലെയും കറന്‍സി പ്രസുകളില്‍നിന്ന് പാക്ക് ചെയ്തവയും മുദ്ര പൊട്ടിക്കാത്തതുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ദിശയില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 

സര്‍ക്കാര്‍ പ്രസുകളുടെ മുദ്രയോടുകൂടിയ പാക്കുകളില്‍ നോട്ടുകള്‍ പിടിക്കുന്ന ആദ്യത്തെ സംഭവമായിരുന്നു ഇതെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നു. പിടിയിലായ ആള്‍ വലിയൊരു ശൃംഖലയിലെ ഒരു കണ്ണി മാത്രമാകാനാണ് സാധ്യതയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കൈമാറാത്ത നോട്ട് എങ്ങനെ ആളുകളിലെത്തി എന്നതാണ് അന്വേഷിക്കുന്നത്‌

എവിടെനിന്നാണ് ഈ നോട്ടുകള്‍ വന്നതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളില്‍നിന്നോ റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ നിന്നോ ഇത് കടത്തിയതാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍പങ്കുണ്ടോ എന്നും അന്വേഷിക്കും. റിസര്‍വ്വ് ബാങ്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

റിസര്‍വ്വ് ബാങ്കില്‍നിന്ന് ബാങ്കുകളിലേയ്ക്കും എടിഎമ്മുകളിലേയ്ക്കും നോട്ടുകള്‍ എത്തിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ്. അതുകൊണ്ടുതന്നെ ഇതിനിടയില്‍ തരിമറി നടക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനു ശേഷം പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റിനല്‍കിയ ചില റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പിടിയിലായിരുന്നു. സമാനമായ സംഭവത്തില്‍ നിരവധി ബാങ്ക് ജീവനക്കാരും പിടിയിലായിരുന്നു.