ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു മദ്യപിക്കുന്നതിനെതിരെ നിയമനിര്‍മാണവുമായി ബിഹാര്‍ സര്‍ക്കാര്‍. ബിഹാറില്‍ നടപ്പിലാക്കിയിരിക്കുന്ന മദ്യനിരോധനത്തിന്റെ തുടര്‍ച്ചയായിട്ടാണ് മദ്യനയത്തില്‍ പുതിയൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയിരിക്കുന്നത്.

ബിഹാര്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ പ്രകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജഡ്ജിമാരോ സംസ്ഥാനത്തിനു പുറത്തുനിന്നോ രാജ്യത്തിനു പുറത്തുനിന്നോ മദ്യപിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ ജോലിയില്‍നിന്ന് പുറത്താക്കല്‍, ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തല്‍, ശമ്പളം തടഞ്ഞുവെക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് വിധേയരാകും. ഡെപ്യൂട്ടേഷനില്‍ സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും നിയമം ബാധകമായിരിക്കും.  

ബിഹാറില്‍ പൂര്‍ണ മദ്യ നിരോധനമാണ് നിലവിലുള്ളത്. മദ്യനിരോധനം നിലനില്‍ക്കെ തന്റെ സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരില്‍ പലരും രഹസ്യമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത് നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലൊരു നിയമം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ബിഹാര്‍. മദ്യ നിരോധനം പ്രചരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പറ്റ്‌നയില്‍ ദൈര്‍ഘ്യമേറിയ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. മൂന്നു കോടിയോളം ജനങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നതായി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മദ്യനിരോധനം, കഴിഞ്ഞ ഏപ്രിലിലാണ് ബിഹാറില്‍ നടപ്പാക്കിയത്.