ലഖ്‌നൗ: ഗോരഖ്പുരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ മൂന്നുകുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച ആശുപത്രിയില്‍ ശിശുമരണങ്ങള്‍ കൂടുന്നത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. അതിനിടെ ആശുപത്രി അധികൃതരും സര്‍ക്കാരും തമ്മിലുള്ള പ്രസ്താവന യുദ്ധം മുറുകുകയാണ്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് മുന്നുകുട്ടികള്‍ മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ ബി.ആര്‍.ഡിയില്‍ ഇതുവരെ മരിച്ചത് 11 പേര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതും ഓക്‌സിജന്‍ വിതരണത്തിലെ തകരാറാണെന്ന് അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ മരണ സംഖ്യയേക്കാള്‍ കുറവാണ് ഈ വര്‍ഷമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 

നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സസ്‌പെന്റ് ചെയ്യപ്പെട്ട ആശുപത്രി മേധാവി ഡോ.രാജീവ് മിശ്ര പറഞ്ഞു. എന്നാല്‍ ആസ്പത്രിക്കു വേണ്ടി പലതവണ ആവശ്യപ്പെട്ടിട്ടും ധനസഹായം നല്‍കാന്‍ കൂട്ടാക്കാത്ത യോഗി ആദ്യത്യനാഥ് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സമയത്ത് ഫണ്ടുകിട്ടിയിരുന്നെങ്കില്‍ കുടിശ്ശികയുണ്ടായിരുന്ന പണം ഓക്‌സിജന്‍ കമ്പനിക്ക് കൊടുക്കാനാകുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.  

എന്നാല്‍ ഈ മാസം നാലിന് മാത്രമാണ് ഡോക്ടര്‍ രാജീവ് മിശ്രയുടെ നിവേദനം ലഭിക്കുന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ അത് പാസ്സാക്കിയതായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ മൂന്നു മുതല്‍ മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ഡോ.മിശ്ര പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം ആവശ്യപ്പെട്ടു.

സംഭവം നടക്കുമ്പോള്‍ ആശുപത്രി മേധാവി അവധിയെടുത്ത് ഋഷികേശില്‍ പോയിരിക്കുകയായിരുന്നവെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ ലീവ് ഉന്നത ഓഫീസര്‍മാര്‍ അംഗീകരിച്ചതാണെന്നും അതുകൊണ്ടാണ് യാത്ര പോയതെന്നും അദ്ദേഹം പറഞ്ഞു. 

74 പേരാണ് ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ 54 പേര്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇവിടെ വെള്ളിയാഴ്ച രാവിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. പിന്നീട് പുനഃസ്ഥാപിച്ചു. എന്നാല്‍, കുട്ടികളുടെ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവജാത ശിശുക്കള്‍ ശ്വാസംകിട്ടാതെ മരിക്കുകയും ചെയ്തു.

ട്രോമാ സെന്റര്‍, ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡ്, നവജാത ശിശുക്കളെ കിടത്തിയ വാര്‍ഡ്, പകര്‍ച്ചവ്യാധി ഉള്ളവരുടെ വാര്‍ഡ്, പ്രസവവാര്‍ഡ് എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. 90 ജംബോ സിലിന്‍ഡറുകള്‍ വഴിയാണ് ഈ വാര്‍ഡുകളില്‍ ഓക്‌സിജന്‍ വിതരണം. ഇവയില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കണ്ടെത്താന്‍പോലും വൈകിയെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ശിശുമരണം നടന്ന ബാബാ രാഘവ്ദാസ് ആശുപത്രി എയിംസ്, സഫ്ദര്‍ജംഗ്, റാമമനോഹര്‍ ലോഹ്യ തുടങ്ങിയ രാജ്യത്തെ പ്രധാന ആശുപ്രതികളില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിക്കുന്നുണ്ട്. കേന്ദ്രസഹമന്ത്രി അനുപ്രിയ പട്ടേല്‍, സംസ്ഥാന ആരോഗ്യ മന്ത്രി എന്നിവരും സന്ദര്‍ശനം നടത്തും. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.