ബെംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട്  പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഗൗരി കൊല്ലപ്പെട്ട ദിവസം ഗാന്ധി ബസാറിലെ ഓഫീസില്‍ നിന്നും അവരുടെ വീട്ടിലേക്കുള്ള വഴികള്‍ വരെയുള്ള വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയായിരുന്നു. ഇത്തരത്തില്‍ ശേഖരിച്ച അഞ്ഞൂറോളം ദൃശ്യങ്ങളില്‍ നിന്നാണ് സംശയാസ്പദകമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് അധികൃതരുമായി കര്‍ണാടക പോലീസ് കൊലപാതകത്തിന് ശേഷം വിവരങ്ങള്‍ കൈമാറി വരികയായിരുന്നു. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്ന് മനസ്സിലായത്. ആന്ധ്രയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അന്വേഷണ സംഘത്തിന്റെ പ്രത്യേക വിഭാഗം ഉടന്‍ തന്നെ ഇങ്ങോട്ടേക്ക് തിരിക്കും. കൊലയാളികളുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.

വാടകക്കൊലയാളികളാണ് കൊലക്ക് പിന്നിലെന്നാണ് അന്വേഷണ സംശയിക്കുന്നത്. ആന്ധ്രയില്‍ പിടിയിലായ ആളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. . പ്രാദേശിക പിന്തുണയോടെയാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം.

പ്രദേശികസഹായം ഇല്ലാതെ വാടകക്കൊലയാളികള്‍ക്കും ഇത്തരം കൃത്യം നടത്താനാവില്ലെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, 
കൊലപാതകംനടന്ന ദിവസം രാത്രി രാജരാജേശ്വരിനഗറില്‍ ഗൗരി ലങ്കേഷിന്റെ വീടിന്റെ സമീപപ്രദേശങ്ങളില്‍ പതിവില്ലാതെ ചിലരെ കണ്ടതായി പരിസരവാസികള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.