ലക്നോ: ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അറവുശാലകള്‍ അടച്ചു പൂട്ടുമെന്നുമുള്‍പ്പെടെയുള്ള ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്.

ഇതിന്റെ ആദ്യപടിയായി അലഹബാദിലെ രണ്ട് കശാപ്പ് ശാലകള്‍ അടച്ച് പൂട്ടി. ഇവ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. അറവുശാലാ നിരോധനത്തിനായി നേരത്തെ മുതല്‍ ശബ്ദം ഉയര്‍ത്തുന്നയാളാണ് യോഗി.

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ബിജെപി പ്രകടനപത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.അത് വായിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വക്താക്കളിലൂടെയല്ലാതെ പൊതു വിഷയങ്ങളില്‍ പ്രതികരിക്കരുതെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേര്‍തിരിവുകളില്ലാതെ സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും വേണ്ടി സേവനം നടത്തുന്ന സര്‍ക്കാരായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പോലീസ് മേധാവി ജാവേദ് അഹമദുമായി കൂടിക്കാഴ് നടത്തിയ മുഖ്യമന്ത്രി, ബി.എസ്.പി. നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗനിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയസമ്മര്‍ദത്തിന് കീഴ്പ്പെടരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പരിസര ശുചിത്വത്തില്‍ വിദേശരാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം പിന്തുടരണം. അതാത് വകുപ്പുകളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എല്ലാ ഉദ്യോഗസ്ഥരോടും സ്വത്ത് വെളിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.