കോയമ്പത്തൂര്‍:  മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ പരിശീലകന്‍ പ്രതിക്കൂട്ടില്‍. കൃത്യമായ പരിശീലനം ലഭിക്കാത്തയാളാണ് മോക്ഡ്രില്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കലൈമഗള്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ ലോകേശ്വരിയാണ് അറുമുഖത്തിന്റെ അശ്രദ്ധ മൂലം മരിച്ചത്.

അറുമുഖം ദേശീയ ദുരന്ത നിവാരണ സംഘത്തിലെ അംഗമോ മോക്ഡ്രില്‍ നടത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ള  ആളോ അല്ലെന്നാണ് വ്യക്തമായത്. അശ്രദ്ധ മൂലമുള്ള മരണത്തിന് അറുമുഖത്തിനെതിരെ കേസെടുത്തിട്ടുണ്ട്.  വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകന്‍ നിര്‍ബന്ധിക്കുന്നതും  ഭയം മുലം ഇതിന് കൂട്ടാക്കാതെ ലോകേശ്വരി വിസമ്മതിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് പരിശീലകന്‍ ലോകേശ്വരിയെ താഴേക്ക് ചാടാനായി തള്ളുകയായിരുന്നു. ബലം പ്രയോഗിച്ച് പിടിച്ചു നിന്നതിനാല്‍ പെണ്‍കുട്ടി താഴത്തെ നിലയിലെ സണ്‍ ഷേഡില്‍ തലയിടിച്ചാണ് വീണത്. 

തുടര്‍ന്ന് അബോധാവസ്ഥയിലായ ലോകേശ്വരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴുത്തിനും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായാല്‍ എമര്‍ജെന്‍സി വിന്‍ഡോ ഉപയോഗിച്ച് ചാടി രക്ഷപ്പെടുന്നതെങ്ങനെയെന്നതിന്റെ പരിശീലനമാണ് കോളേജില്‍ നടന്നത്. 

ലോകേശ്വരിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഇ.പളനിസ്വാമി അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.