ന്യൂഡല്‍ഹി: പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു വിമത നേതാവ് ശരത് യാദവ് സമര്‍പ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാര്‍ട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്. 

ജെഡിയു ചിഹ്നമായ അമ്പും, പാര്‍ട്ടി ഓഫീസുകളും തങ്ങള്‍ക്കനുവദിക്കണമെന്നും യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്നും അവകാശപ്പെട്ടാണ് ശരത് യാദവ് വിഭാഗത്തിന് വേണ്ടി ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനോ രേഖകള്‍ ഹാജരാക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. അപേക്ഷ കമ്മീഷന്‍ തള്ളിയതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാര്‍ത്ഥ ജെഡിയു.

കോണ്‍ഗ്രസ്-ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് വിമത ശബ്ദം ഉയര്‍ത്തിയത്. 

തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശരത് യാദവ് നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എംപി അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ശരത് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.