ശ്രീനഗര്‍: ശ്രീനഗറില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ സേവന നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമായി. വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടെലികോം, ഇന്‍ഷുറന്‍സ്, ഹോട്ടല്‍, റെസ്റ്ററന്റ് എന്നീ മേഖലകളിലെ സേവന നികുതിയില്‍ തീരുമാനമായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

5%, 12%, 18%, 28%  എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിരക്കുകള്‍. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് സേവന നികുതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

പുതിയ നികുതി നിരക്കുകള്‍ സിനിമാ തിയേറ്റര്‍, റസ്റ്ററന്റുകള്‍ എന്നിവ തുടങ്ങി ഫോണ്‍ ബില്ലുകളെ വരെ ബാധിക്കും. എസി റസ്റ്ററന്റുകള്‍ക്ക് 18 ശതമാനവും എസി ഇല്ലാത്തവയ്ക്ക് 12 ശതമാനവുമാകും സേവന നികുതി.

അതേസമയം, സ്വര്‍ണത്തിന്റെ നികുതിയുടെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ഇതിനായി ജൂണ്‍ മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ ചേരും.

വ്യാഴാഴ്ച നടന്ന യോഗത്തില്‍ 1205 ഉത്പന്നങ്ങളുടെ ജിഎസ്ടി സംബന്ധിച്ച് തീരുമാനമായിരുന്നു. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതില്‍ താഴെയോ ആണ് നികുതി. 

ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല് തുടങ്ങിയവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി.