ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മോദി സര്‍ക്കാരിന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ രൂക്ഷ വിമര്‍ശനം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹയുടെ വിമര്‍ശനം. 

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കി. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി. 

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം. യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയും റെയ്ഡുകളിലൂടെ ജനങ്ങളുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു കളിയാണ് നടത്തുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയ കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ പ്രതിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനമാണ് നടത്തിയത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തൊരുമൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി ഇപ്പോള്‍ അധിക ജോലിയെടുക്കുന്നതെന്നും സിന്‍ഹ പരിഹസിച്ചു