ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മഹാഭാരതത്തിൽ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന  ധൃതരാഷ്ട്രരെ പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു. 

വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാമർശം. മധ്യപ്രദേശിൽ വോട്ടിങ് യത്രത്തിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ വോട്ടിങ് മെഷീനുകൾ കൃത്യവും സത്യസന്ധവുമായിരുന്നു. എന്നാൽ, ഡൽഹിയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജസ്ഥാനിൽ നിന്ന് വാങ്ങിയ മെഷീനുകളിൽ ക്രിത്രിമം നടന്നതായും കെജ്‌രിവാൾ ആരോപിച്ചു. യത്രത്തിന്റെ നിർമാണ വേളിയിൽ തന്നെ ക്രിത്രിമം നടത്തി എ.എ.പിയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. വോട്ടിങ് മെഷീനിൽ ക്രിത്രിമം കാട്ടുക അസാധ്യമാണെന്നും അതിന്റെ നിർമാണവേളയിൽ ഇത് സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മെഷീനുകൾ പ്രതിനിധികളുടെ മുന്നിൽ പരിശോധിച്ച ശേഷം മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്നും കമ്മീഷൻ അറിയിച്ചു.